‘വർക്ക് ഫ്രം ഹോമുകാർ’ ഒന്നടങ്കം ബിജെപിയിലേക്ക് നടന്നടുക്കുമ്പോൾ അവരുടെ നേതാക്കൾ മനസിലാക്കുന്നില്ല വലിയ ഒരു സ്ഫോടനാത്മകമായ അവസ്ഥയിലേക്കാണ് അവരുടെ പാർട്ടി എത്തിച്ചേരുന്നത് എന്ന്. കാക്കാശിന് വിലയില്ലാതെ, ഉറപ്പുള്ള സീറ്റുകളിൽ വരെ പരാജയമടഞ്ഞ, സ്വന്തം അങ്ങാടിയിൽ കൂക്കി വിളി കേൾക്കേണ്ടി വന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് അവരുടെ ഉന്നതാധികാര ടാങ്കുകളിലേക്ക് ചാടിക്കൊണ്ടിരിക്കുന്നത്.
എന്തായാലും മോഡി പ്രഭാവത്താൽ അടുത്ത ഭരണവും വൻഭൂരിപക്ഷത്തിൽ പിടിച്ചടക്കും എന്ന് പറയുന്നവർ എന്തിനാണ് ഈ വക കുരിശുകളെ ചുമക്കുന്നത് എന്നത് മനസിലാവുന്നില്ല.
ഒരു ഗ്രാമത്തിൽ നിന്നായാലും ഒരു പഞ്ചായത്തിൽ നിന്നായാലും ഒരു മണ്ഡലത്തിൽ നിന്നായാലും ഒരു ജില്ലയിൽ നിന്നായാലും ഒരു സംസ്ഥാനത്തു നിന്നായാലും ബിജെപിയുടെ ടാങ്കിലേക്ക് ചാടുന്നത് യാതൊരു ക്വാളിറ്റിയും കപ്പാസിറ്റിയും ഇല്ലാത്തവരാണ് എന്നതാണ് നഗ്നമായ സത്യം. അവർക്ക് അത് മതിയെങ്കിൽ പിന്നെ ആരെന്ത് ഉപദേശിച്ചിട്ടും കാര്യമില്ല.
കേരളത്തിലെ ബിജെപിയിലേക്ക് നുഴഞ്ഞു കയറിയവരിൽ ‘പ്രധാനി’ സികെ പത്മനാഭൻ എന്ന കമ്മ്യുണിസ്റ്റുകാരൻ മാത്രമാണ്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കോട്ടൂരിൽ പയറ്റാൽ അനന്തൻ നമ്പ്യാരുടേയും ദേവകിയമ്മയുടേയും പുത്രനായി ജനിച്ച സി.കെ. പത്മനാഭൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ പിതാവ് അനന്തൻ നമ്പ്യാർ കർഷക സംഘത്തിന്റെ ഒരു നേതാവും കാവുമ്പായി കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്നു. കണ്ണൂരിലെ അഴിക്കോടു സ്വദേശിയായ പത്മനാഭൻ പിതാവിനേപ്പോലെതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തു പ്രവേശിച്ചു.
1969 മുതൽ അദ്ദേഹം പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച് ജനസംഘവുമായി ചേർന്നു പ്രവർത്തിക്കുകയും ഏകദേശം രണ്ടു വർഷം ആർ.എസ്.എസ്. പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള വിവിധ പദവികൾ അലങ്കരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
ജനസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിലക്കയറ്റ വിരുദ്ധ സമരം, ചെക്ക് പോസ്റ്റ് സമരം, വയനാട്ടിലെ ആദിവാസി സംഘത്തിന്റെ ഭൂസമരങ്ങൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. വന്നുകൂടിയവരില് അദ്ദേഹമാണ് ലേശം മാന്യതയും തറവാടിത്തവും നിലനിർത്തുന്ന രാഷ്ട്രീയക്കാരൻ.
ബാക്കി വന്നതൊക്കെ ചപ്പും ചവറുകളുമാണ് എന്നതാണ് ബിജെപി എന്ന ദേശീയ പാർട്ടി കേരളത്തിൽ നേരിടുന്ന ദുഖകരമായ സത്യം. മുൻമന്ത്രി വി വിശ്വനാഥമേനോൻ എന്ന ഒരു മനുഷ്യൻ സിപിഎമ്മിൽ നിന്നും എല്ലാം വഹിച്ചുകൊണ്ട് അവർക്കെതിരായി വിമതനായി മത്സരിക്കുകയും ബിജെപി ടാങ്കിലേക്ക് ചാടുകയുമുണ്ടായി.
ഡൽഹിയെ കിടുകിടാ വിറപ്പിച്ച കണ്ണന്താനം എന്ന ഐഎഎസ് പ്രവർത്തകൻ കേരളത്തിൽ സിപിഎം പ്രവർത്തകൻ ആവുകയും പിന്നീട് ആർഎസ്എസ് പ്രവർത്തകൻ ആവുകയും അവസാനം സ്വന്തം വീട്ടുകാരിയുടെ ഇംഗ്ലീഷ് പ്രതികരണത്തില് ഒതുങ്ങുകയും ചെയ്തിരിക്കുന്നു.
നേരെ ചൊവ്വേ മലയാളവും ഇംഗ്ലിഷും സംസാരിക്കുവാൻ ശേഷിയില്ലാത്ത ഒരു തൃശൂർ ഡൽഹിക്കാരനായിരുന്നു കോൺഗ്രസിന്റെ ചാനൽ വക്താവ്.
എഐസിസി ആസ്ഥാനത്ത് അടുക്കളക്കാരന്റെ റോളിൽ കളിച്ചിരുന്ന ഒരാൾ തൃശൂർ ലോക്സഭാ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ടാങ്കിലേക്ക് ചാടിയതേ ഓർമ്മയുള്ളൂ. ആ മനുഷ്യൻ ജീവിച്ചിരിക്കുന്നുവോ ആവോ. എവിടെയും കാണാനോ കേൾക്കാനോ ഇല്ലാതായിരിക്കുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
കണ്ണൂരിൽ സിപിഎം വർഗീയ കാർഡിറക്കിക്കൊണ്ട് ഇറക്കിയ തുരുപ്പ് ചീട്ട് രണ്ടുതവണ എംപിയാവുകയും പിന്നീട് മറുകണ്ടം ചാടി എംഎൽഎ ആവുകയും അവസാനം ഇപ്പോൾ ടാങ്കിൽ വീണിരിക്കുന്നു. ടാങ്കിൽ വീണ സമയത്ത് കൈകാലുകൾ ഇട്ടടിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഹജ്ജും ഉംറയുമൊക്കെയായി ജീവിതം തള്ളിനീക്കുന്നു.
പിസി തോമസ് – പിസി ചാക്കോ – പിസി ജോർജ്ജ് എന്നിവരിൽ ആദ്യ ആള് വർഷങ്ങൾക്ക് മുൻപേ എൻഡിഎ എന്ന വിളിപ്പേരിട്ട ബിജെപി മുന്നണിയിൽ ചേക്കേറി വിജയം കൊയ്തിരുന്നു. ആ ടാങ്കിലേക്ക് കാലെടുത്തു വെച്ചെങ്കിലും പിന്നീട് ആ മനുഷ്യന് ജീവിതത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനായിട്ടില്ല.
രണ്ടാമത്തെയാൾ കോൺഗ്രസിന്റെ പരമാവധി നീരു ഊറ്റിയതിനുശേഷം ഡൽഹിയിൽ പാതി മനസ്സ് ബിജെപി ടാങ്കിലും പാതി മനസ് ബിടീമായ സിപിഎം മുന്നണിയിലേക്കും നീങ്ങി. മൂന്നാമത്തെ പിസിയാണ് ശരിയായ സെപ്റ്റിക്ക് ടാങ്ക്.
അദ്ദേഹം ഒരു ടാങ്കിൽ നിന്നും മറ്റൊരു ടാങ്കിലേക്ക് ചാടി ചാടി ഇന്നിപ്പോൾ ഒരു വസ്തുവിനും കൊള്ളാത്ത വീപ്പക്കുറ്റിയായി മാറിയെന്ന് വെള്ളാപ്പള്ളിയദ്ദേഹം പ്രവചിച്ചിരിക്കുന്നു.
ഇതൊക്കെ പറയുമ്പോൾ ഒരു കാര്യം പറയാതെ വയ്യ. നമ്മുടെ സുരേഷ് ഗോപിജി ലീഡർ കരുണാകരന്റെ വളരെ അടുത്ത തോഴൻ ആയിരുന്നു. ഇടക്കിടക്ക് ഉച്ചയൂണിന് ലീഡറുടെ വീട്ടിൽ പോകാറുമുണ്ടായിരുന്നു. അന്ന് മുതൽ ആ പാവം കൊല്ലം ലോക്സഭാ സീറ്റിനായി കണ്ണുവെച്ചിരുന്നു.
ലീഡർ ആ സീറ്റ് സുരേഷ് ഗോപിക്ക് കൊടുക്കും എന്നായപ്പോൾ കുത്തിത്തിരിപ്പിന്റെ സംസ്ഥാന നേതാവായിരുന്ന ബാലകൃഷ്ണപിള്ള ആ സീറ്റ് തന്റെ ശത്രുവായ (പിന്നീട്) മകനുവേണ്ടി ലീഡറോട് ചോദിച്ചു. പിള്ളയെ നന്നായി അറിയാവുന്നതുകൊണ്ട് ലീഡർ ഒരു ഉപാധി വെച്ചു. പിള്ള പാർട്ടിയെ കോൺഗ്രസ്സിൽ ലയിപ്പിച്ചാൽ സീറ്റ് തരാമെന്ന്. അവസാനം ഗോപി ഗോപിയായി.ലീഡറുടെ ശബ്ദമായ പീതാംബര കുറുപ്പിന് നറുക്കുവീണു.
ശരിക്കും പറഞ്ഞാൽ ഒരു വസ്തുവിനും കൊള്ളാത്ത ഒരാളാണ് പിന്നീട് ആ കുഴിയിലേക്ക് ചാടി വീണത്. പത്തുകൊല്ലം ഇന്ത്യൻ പ്രതിരോധ മന്ത്രിയും കേരളത്തിൽ മുഖ്യമന്ത്രിയുമൊക്കെയായി വിലസിയ സാക്ഷാൽ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ആ ടാങ്കിലേക്ക് ചാടിയപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും ആഘോഷിച്ചതും കേരളത്തിലെ പോരാളി വാസു മുതലായ യഥാർത്ഥ കോൺഗ്രസ്സുകാരാണ്.
അതുപോലെയുള്ള തൊള്ളേമ്പാരന്മാരെ ചുമക്കാതെ മുളയിലേ നുള്ളിയ ചില നേതാക്കന്മാർക്ക് കേരളത്തിലെ പോസ്റ്റർ ഒട്ടിക്കുന്ന, മതിലിൽ എഴുതുന്ന, മൈക്ക് അനൗൺസ്മെന്റ് ചെയ്യുന്ന ഒരു കൂട്ടം കോൺഗ്രസ്സുകാരുടെ പിന്തുണയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.
ഇന്നിപ്പോൾ സാക്ഷാൽ ലീഡറുടെ പപ്പിക്കുട്ടി ഇ ഡി യെ പേടിച്ചിട്ടാണെങ്കിലും തൃശൂരിലെ കോൺഗ്രസ്സ് ഒതുക്കലിൽ നിന്നും മുക്തി നേടുവാനായി ആ കുഴിയിലേക്ക് തന്നെ ചാടിയിരിക്കുന്നു. കേരളത്തിൽ ഉറച്ച സീറ്റുകളിൽ മത്സരിച്ചു തോറ്റ ഖ്യാതിയുമായി അവരാ കുഴിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ മുതൽ തൃശൂരിലെ ചില ചാണകപ്പുഴുക്കൾ ആനന്ദ നൃത്തം നടത്തിത്തുടങ്ങി.
തൃശൂരിനെ സംബന്ധിടത്തോളം കള്ളിനും ചക്കരക്കും ചെത്തുന്നവരുടെ നാടാണ്. എവിടെ പണവും പ്രതാപവും അധികാരവുമുണ്ടോ അവിടേക്ക് ചാഞ്ചാടുന്ന കുറെയധികം ആളുകൾ ഇന്നിപ്പോൾ പപ്പിക്കുട്ടിയെ വരവേൽക്കുന്നു. കോൺഗ്രസ്സിലെ യഥാർത്ഥ പാർട്ടി പ്രവര്ത്തകന് വളരെ സന്തോഷവും ആവേശവും ഉണർത്തിയ തീരുമാനമാണ് പത്മജയും ഭർത്താവായ ഡാക്ടർ വേണുഗോപാലും എടുത്തിരിക്കുന്നത്.
ലോകത്ത് ഏറ്റവും കുത്തിത്തിരുപ്പും കുതികാൽവെട്ടും ചെളിവാരിയെറിയലും പിന്നിൽനിന്നും കുത്തുമൊക്കെ ഏറ്റവുമധികം പരീക്ഷിക്കുന്ന കേരളത്തിലെ ബിജെപിക്ക് മുതൽക്കൂട്ടാകട്ടെ ഇവരൊക്കെ !!! എല്ലാവരും മോഡിയുടെ പരിവാരമാകട്ടെ എന്നാശംസിക്കുന്നു !!! എല്ലാം കണ്ടുകൊണ്ട് ഭീമൻ രഘുവും കൊല്ലം തുളസിയും ജയറാമും രാജസേനനും മെട്രോ ശ്രീധരനും ചിരിക്കുന്നുണ്ടാകും, തീർച്ച !!!
എന്നാലും എന്റെ പപ്പിക്കുട്ടിയേ ഈ ചതി വേണ്ടായിരുന്നു എന്ന് ദാസപ്പനുംഎ ഐ ഗ്രൂപ്പ് സമവാക്യം നടപ്പിലാക്കിയ അനിലിനും പത്മജക്കും ആയുഷ്മാൻ ഭവ നേർന്നുകൊണ്ട് വിജയപ്പനും