കൊൽക്കത്ത: ലിവ്-ഇൻ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊൽക്കത്തയിൽ ബുധനാഴ്ചയാണ് സംഭവം. ഫോട്ടോഗ്രഫറായ സാർധക് ദാസ് (30) ആണ് മരിച്ചത്. സംഭവത്തിൽ പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റായ സൻഹതി പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകവിവരം യുവതി തന്നെയാണ് പോലീസിനെ അറിയിച്ചത്.
മൂർച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഫോട്ടോഗ്രഫറും പാർട്ട് ടൈം ആപ്-ക്യാബ് ഡ്രൈവറുമായിരുന്ന സാർധക് കുറച്ചു വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് സൻഹതി പോളിനെ പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂർത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം. കൊലപാതകത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
സമൂഹികമാധ്യമ അക്കൗണ്ടിലെ റിലേഷൻഷിപ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇരുവരുംതമ്മിൽ കുറച്ചുകാലമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.