തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രങ്ങളിലൊന്നാണ് അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി. ഏറെ ആരാധകവൃന്ദമുള്ള നായകനായതിനാല്‍ത്തന്നെ അജിത്ത് കുമാറിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ചെറിയ അപ്ഡേറ്റുകള്‍ പോലും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു കഥാസാരം സോഷ്യല്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.
‘കുടുംബത്തിനൊപ്പം സമൂഹത്തില്‍ സമാധാനമായി ജീവിക്കാന്‍ ഭയരഹിതനായ ഒരു അധോലോക നേതാവ് ശ്രമിക്കുകയാണ്. അതിനായി ഹിംസയുടെ വഴിയില്‍ നിന്ന് മാറിനടക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. എന്നാല്‍ ഇരുണ്ട ഭൂതകാലം അയാളെ പിന്തുടരുക തന്നെ ചെയ്യുന്നു. അതിനെ എതിരിട്ട് മറികടക്കുകയാണ് അയാള്‍. പ്രതികാരത്തിന്‍റെയും കൂറിന്‍റെയും അധികാരത്തിന്‍റെ വിലയുടെയുമൊക്കെ ഒരു കഥയാണ് ഇത്’- ഇങ്ങനെയാണ് ചിത്രത്തിന്‍റെ കഥാസാരം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് നടന്‍ വിജയ്‍യുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുന്ന 2023 ചിത്രം ലിയോയുടെ കഥ തന്നെയല്ലേ എന്നാണ് സിനിമാപ്രേമികളില്‍ ഒരു വിഭാഗം ചോദ്യം ഉയര്‍ത്തുന്നത്.
ലോകേഷ് കനകരാജ് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി ഒരുക്കിയ ചിത്രത്തില്‍ വിജയ്‍യുടെ കഥാപാത്രത്തിനും ഇത്തരത്തില്‍ രണ്ട് മുഖം ഉണ്ടായിരുന്നു. ലിയോ ദാസിന്‍റെ ഇരുണ്ട ഭൂതകാലം ഉപേക്ഷിച്ചാണ് അയാള്‍ പാര്‍ഥിപന്‍ എന്ന പേരില്‍ സമാധാനപൂര്‍ണ്ണമായ കുടുംബജീവിതം നയിക്കുന്നത്. എന്നാല്‍ ആ ഭൂതകാലം അയാളെ തേടിയെത്തുകതന്നെ ചെയ്യുന്നു. അതേസമയം ലിയോ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നെങ്കില്‍ ഗുഡ് ബാഡ് അഗ്ലി ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ്. ഏപ്രില്‍ 10 നാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രം തിയറ്ററുകളില്‍ എത്തിയാല്‍ മാത്രമാണ് പുറത്തെത്തിയിരിക്കുന്ന സിനോപ്സിസില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് മനസിലാക്കാനാവുക. സംവിധായകന്‍റെ പരിചരണവും ഒരു ചിത്രത്തിന് വ്യത്യസ്തത പകരുന്ന ഘടകമാണ്.