ദൈവത്തിന്റെ സ്വന്തം നാടെന്ന് കവികൾ പാടി പുകഴ്ത്തിയ ഈ കേരളത്തിൽ എന്താണ് നടക്കുന്നത്. ഈയിടെയായി ചാനലുകാർ ആഘോഷിക്കുന്ന വാർത്തകൾ ഒന്നും ഐശ്വര്യമുള്ള വാർത്തകൾ ആകുന്നില്ല എന്നതാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥകൾ.
മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ക്രിസ്റ്റലിന്റെയും ഒക്കെ പേര് പറഞ്ഞുകൊണ്ട് ന്യായീകരിക്കാമെങ്കിലും അതിനുമപ്പുറം ധാരാളം വസ്തുതകൾ ഒളിഞ്ഞുകിടപ്പുണ്ട്. ഇക്കാണുന്ന വാർത്തകൾ ചിലരിൽ മാത്രം ഒതുങ്ങും എന്ന് കരുതി ആരും തള്ളിക്കളയുവാൻ ശ്രമിക്കേണ്ട.
ഏതൊരാളിന്റെ വീട്ടിലേക്കും ഈ വക കേൾക്കാൻ ഇഷ്ടമില്ലാത്ത വാർത്തകൾ എപ്പോൾ വേണമെങ്കിലും കടന്നുവരാം. വയനാട്ടിലെ വാർത്ത കേട്ടപ്പോൾ അത് വയനാട്ടിൽ അല്ലേ എന്ന് പറഞ്ഞപ്പോഴേക്കും ദേ കേൾക്കുന്നു കൊടുങ്ങല്ലൂർ അഴീക്കോടും ഇപ്പോൾ വെഞ്ഞാറമ്മൂടിലും.
നാമറിയാത്ത ഒരു മത്സരം കേരളത്തിലെ പൊതുസമൂഹത്തിൽ സംജാതമായിട്ട് പത്തിരുപത് വര്‍ഷങ്ങളായി. ആദ്യമൊക്കെ ഈ വക മത്സരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ആരോഗ്യപരമായ മത്സരങ്ങളായിരുന്നു. പക്ഷെ ഈയിടെ നാം ചെറുപ്പക്കാരിൽ കാണുന്ന ഈ വൈകാരികതക്കു പിന്നിൽ ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് രണ്ടു മക്കൾ രീതിയാണ്.
പണ്ടൊക്കെ നാലോ അഞ്ചോ അതിൽ കൂടുതലോ മക്കൾ ഉണ്ടായിരുന്ന വീടുകളിൽ ഇപ്പോൾ രണ്ടു മക്കളിൽ ഒതുങ്ങുമ്പോൾ അവരിൽ കാണപ്പെടുന്ന ഒരു സ്വാർത്ഥതയും സ്വാർത്ഥ താല്പര്യങ്ങളും അഹങ്കാരങ്ങളും വരുത്തിവെക്കുന്ന വിനകളാണ് ഏറെയും. ജീവിതത്തിൽ ആവശ്യപ്പെട്ടതൊക്കെ അപ്പപ്പോൾ തന്നെ വാങ്ങിക്കൊടുത്തു വളർത്തിയ മാതാവിനെ തന്നെയാണ് അവർ ആദ്യം ലക്‌ഷ്യം വെക്കുന്നതും !
ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്ന ബന്ധുക്കൾ, ഒരാൾക്ക് ഒരാവശ്യം വന്നാൽ പുറംതിരിഞ്ഞു നടക്കുന്ന പ്രവണത കേരളത്തിൽ കൂടുതലായി കണ്ടുവരുന്നു. അതിലും സ്ത്രീകളുടെ അമിതമായ കൈകടത്തലുകൾ കാണപ്പെടുന്നു. പണ്ടൊക്കെ ഒരാൾ ഒരാളെ സഹായിക്കുന്നത് നാലാൾ അറിയാതെയാണ്.
ഇന്നിപ്പോൾ നാലാൾ അറിയുക മാത്രമല്ല പറ്റുമെങ്കിൽ സോഷ്യൽ മീഡിയയിലോ കുടുംബ ഗ്രൂപ്പുകളിലോ പബ്ലിസിറ്റി ചെയുമ്പോൾ അപ്പുറത്തുള്ള ആളിന്റെ മനോവിഷമം ആരും കാണുന്നില്ല.
ആരും അതേക്കുറിച്ചു ചിന്തിക്കുന്നില്ല. ചെറിയ ചെറിയ സഹായങ്ങൾ വലിയ വലിയ ആപത്തുകൾ ഇല്ലാതാക്കുവാൻ സാധിക്കും എന്നത് പഴയ കാരണവന്മാർ പറയാറുണ്ടങ്കിലും പുതിയ തലമുറ അത് കൂട്ടാക്കുന്നില്ല. കാലം മാറി വീഴും, കാലചക്രങ്ങൾ മാറും എന്നത് ആരും തലയിൽ കയറ്റുന്നില്ല.
ആണായാലും പെണ്ണായാലും ചെറിയ എന്തെങ്കിലും തെറ്റുകൾ അറിഞ്ഞോ അറിയാതെയോ ചെയ്‌താൽ അവരെ ജീവിതകാലം മുഴുവൻ ക്രൂശിക്കുന്ന ഒരു സമൂഹത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൂട്ടുകാരുടെ ഇടയിൽ ആയാലും വീട്ടുകാരുടെ ഇടയിൽ ആയാലും മനുഷ്യനെ പച്ചക്ക് തിന്നുന്ന കുറേയാളുകളാണ് നമ്മുക്ക് ചുറ്റും.
തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം, പക്ഷെ അതൊക്കെ ഊതി വീർപ്പിച്ചും, ആ തീയിൽ പെട്രോൾ ഒഴിച്ചും കൈകൊട്ടി ചിരിക്കുന്ന കൂട്ടുകാരും ബന്ധുക്കളും ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കേരളം.
മറ്റുള്ളവരുടെ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ, അവരുടെ മക്കളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വിവാഹ ശേഷം സ്വാഭാവികമായും ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ എല്ലാം ചികഞ്ഞെടുത്ത് ചർച്ചാ വിഷയമാക്കുകയും അതെല്ലാം ആഘോഷിക്കുകയും ചെയ്യുന്നവർ ഇന്ന് ഞാൻ നാളെ നീ എന്നത് ഓർക്കുന്നില്ല എന്നതാണ് നഗ്നസത്യം.
ചിലയാളുകളുടെ പൊള്ളയായ ധാരണ അവരിലോ അവരുടെ മക്കളിലോ അവരുടെ കുടുംബങ്ങളിലോ ഒന്നും സംഭവിക്കില്ല. അതൊക്കെ വേറൊരു വിഭാഗത്തിൽ മാത്രം സംക്ഷിപ്തയിരിക്കുന്നു എന്നൊക്കെയാണ്. അതൊക്കെ അവരുടെ മിഥ്യയായ ധാരണകൾ മാത്രമാണ്.
കേരളത്തിൽ അരങ്ങേറിയ ഓരോരോ സംഭവങ്ങൾ മാത്രം നാം പരതിനോക്കിയാൽ അതൊക്കെ നടന്നിരിക്കുന്നത് ചിന്തിക്കുവാൻ സാധിക്കാത്ത വീടുകളിലാണ് അല്ലെങ്കിൽ തറവാടുകളിലാണ്.
ഇന്നിപ്പോൾ ചെറുപ്പക്കാരിൽ കാര്യങ്ങൾ ക്ഷമിക്കുവാനോ, അല്ലെങ്കിൽ നേരിടുവാനോ ഉള്ള ക്ഷമയും പക്വതയും ഇല്ലാതെ വരുമ്പോഴാണ് അവർ ആദ്യം മയക്കുമരുന്നിലും അല്ലെങ്കിൽ ഈ വക കൊലപാതകങ്ങളും ഒക്കെ അകപ്പെടുന്നത്. ഏതോ ഒരു ദുർബല നിമിഷത്തിലാണ് ഇതൊക്കെ അരങ്ങേറുന്നത്. പിന്നീട് ജീവിതകാലം ദുഖിച്ചിട്ടും കരഞ്ഞിട്ടും കാര്യമില്ലാത്ത അത്ര അപരാധങ്ങൾ !
കേരളത്തിലെ ഇന്നത്തെ ഈ പ്രവണതകളിൽ സമൂഹത്തിന് കാര്യമായ പങ്കുണ്ട് എന്നത് ഓരോരുത്തരും വളരെ കൂലംകുഷമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതാണ്. മക്കളെ വിദേശത്തേക്ക് അയച്ചു പഠിപ്പിക്കുന്നതിലും അവരുടെ ജീവിത രീതികളിലും കുടുംബങ്ങളിലും കൂട്ടുകാരിലും അയവാസികളിലും കാണിക്കുന്ന പൊങ്ങച്ചങ്ങളിലും അഹങ്കാരങ്ങളിലും പെട്ടുപോകുന്നത് മക്കളുടെ മാനസികാവസ്ഥകളാണ്.
പഴയതുപോലെ എന്തും ഏതും നേരിടുവാനുള്ള ത്രാണി ഇന്നത്തെ മക്കളിൽ ഇല്ലാതെ പോയതിനു കാരണക്കാരും അവരുടെ മാതാപിതാക്കൾ തന്നെ. പ്രത്യേകിച്ച് അമ്മമാർ. കൂട്ടിലിട്ട കിളികളെപോലെ ആറ്റുനോറ്റു വളർത്തി ഒരു പ്രത്യേക പ്രായം കഴിയുമ്പോൾ അവർ ചുക്ക് എന്താണെന്നും ചുണ്ണാമ്പ് എന്താണെന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലേക്ക് പരിണമിക്കുന്നു.
ആ സമയത്ത് അവർക്കാവശ്യമുള്ള ഹൈസ്പീഡ് ബൈക്കുകൾ, സോളോ ട്രിപ്പുകൾ, കൂട്ടുകാരികൾ, കൂട്ടുകാരന്മാർ, വമ്പൻ കാറുകൾ എന്നിവ ഇൻസ്റ്റാഗ്രാം റീൽസിലും യുട്യൂബിലും ഒക്കെ കാണുമ്പോള്‍ അതിന്നായി മാതാപിതാക്കളോട് വാശിപിടിക്കുന്നു, വിലപേശുന്നു !
കൂടുതലായി കണ്ടുവരുന്നത് ഗൾഫ്, അമേരിക്ക, യൂറോപ്പ് സ്വാധീനമുള്ള നാട്ടിലെ മക്കളിലും പിന്നെ നാട്ടിൽ ചെറിയ രീതിയിൽ കച്ചവടം നടത്തി ഉപജീവനം ചെയുന്നവരിലും, സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളിലും ഒക്കെയാണ്.
അതുപോലെ നാട്ടിലെ കഞ്ചാവ് വിൽപ്പനക്കാരും വിൽപ്പനക്കാരികളും, എംഡിഎംഎ കച്ചവടക്കാരും ഒക്കെ നോട്ടം വെച്ചിട്ടുള്ളതും ഈ പാവം പിള്ളേരുകളെയാണ്. ആദ്യം പോക്കറ്റ് മണിയിൽ നിന്നും പിന്നീട് കൂട്ടുകാരികളിൽ നിന്നും അതുകഴിഞ്ഞാൽ അമ്മയുടെ സ്വർണ്ണം പണയം വെച്ചും ഒക്കെ അവർ സാധനം വാങ്ങുന്നു.
ഇത് ഇല്ലാതെ ജീവിക്കുവാൻ പറ്റാതാവുമ്പോഴേക്കും സാമ്പത്തിക സ്രോതസ്സുകൾ ഏതാണ്ടൊക്കെ അടഞ്ഞും കാണും. പിന്നെയാണ് അമ്മുമ്മയുടെ കെട്ടുതാലിയും അമ്മയുടെ കൈവളകളും പെങ്ങളുടെ അരഞ്ഞാണവും ഒക്കെ ആവശ്യപ്പെടുന്നത്. കിട്ടിയില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നത് അന്ന് അടിച്ച സാധനത്തിന്റെ പവർ പോലെയിരിക്കും.
ഇക്കഴിഞ്ഞ ദിവസം വിവാഹത്തിന് സമ്മതിക്കാതെ ഒരു പെൺകുട്ടിയും പിന്നീട് കാമുകനും ആത്മഹത്യ ചെയ്തു. ശരിക്കും ഒരേ മതത്തിൽ പെട്ട അവരെ കല്യാണം കഴിപ്പിക്കണമായിരുന്നു. വടക്കേക്കാട് ഒരുത്തൻ വലിയുമ്മയെയും വല്യപ്പയെയും വെട്ടിക്കൊന്നത് ആവശ്യത്തിനുള്ള പണം നൽകാത്തതിനാലാണ്.
വയനാട്ടിലും മകൻ ഉമ്മയെ കൊന്നതും പണത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ തന്നെയാണെങ്കിലും നമ്മൾ കാണാത്ത കുറെ പ്രശ്നങ്ങൾ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
വടക്കേക്കാട് അച്ഛനും അമ്മയും പരസ്പരം വേർപിരിഞ്ഞു ‘അമ്മ വേറെ ആളോടൊപ്പം പോയപ്പോൾ മകനിലുണ്ടായ മാനസിക പിരിമുറുക്കം. മക്കളുടെ ചെറിയ പ്രായത്തിൽ അമ്മയും അച്ഛനും തമ്മിലുള്ള വഴക്കുകൾ, വിവാഹ മോചനങ്ങൾ, അമ്മയുടെയും അച്ഛന്റെയും അപഥ സഞ്ചാരങ്ങൾ എല്ലാം മക്കളിൽ ക്രൂരത വളർത്തുന്നു.
ഈയിടെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് സുന്ദരിയായ ഒരമ്മയുടെ നല്ലവരായിരുന്ന രണ്ടു ആൺമക്കളും ഡ്രഗ്‌സിലേക്ക് നടന്നുകയറി. കാരണം അന്വേഷിച്ചപ്പോൾ അമ്മയുടെ സോഷ്യൽ മീഡിയ കളികളും, അതും കാണിച്ചുകൊണ്ട് കൂട്ടുകാർ ഉണ്ടാക്കുന്ന കളിയാക്കലുകളും കച്ചവടം മോശമായ അച്ഛനെ സൈഡ് ആക്കിക്കൊണ്ട് അമ്മയുടെ സോഷ്യൽ ആക്ടിവിറ്റികളുമൊക്കെ മക്കൾ കണ്ടുമടുത്തിരിക്കുകയാണ്.
ഒരു അമ്മക്ക് ഒറ്റക്ക് മുറിയിൽ കിടന്നുറങ്ങുവാൻ സ്വന്തം മകൻ സമ്മതിക്കുന്നില്ല എന്നതും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. അതുപോലെ നമ്മുടെ പരിസരങ്ങളിൽ ഒക്കെ ഇതുപോലെ പ്രശ്നങ്ങൾ നമ്മൾ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ കാണുവാൻ സാധിക്കും.
അച്ഛനമ്മമാരുടെ പ്രശ്നങ്ങൾ തന്നെയാണ് കേരളത്തിലെ ഒരു എംഎൽഎയുടെ മകന്റെ വിഷയത്തിലും നമ്മൾ കണ്ടത്. കൂടാതെ അമ്മയെ കൊന്നുകളഞ്ഞ മകൻ കാറുമായി തമിഴ് ലോറിയിൽ ഇടിച്ചു കയറ്റിയതും ഇതേ കേരളത്തിൽ തന്നെ.
പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ ആർട്സ് & സ്പോർട്സ് ക്ളബ്ബുകളും, പന്തുകളിയും, ക്രിക്കറ്റുകളിയും ഒക്കെയായി ചെറുപ്പക്കാർ വളരെ ബിസിയായിരുന്നു. ഇപ്പോൾ ചെറുപ്പക്കാരെ കാണുവാൻ തന്നെ കിട്ടുന്നില്ല.
അവരൊക്കെ എങ്ങോട്ട് പോകുന്നു, എവിടെ നിന്നും വരുന്നു, എന്ന് നാട്ടിലെ സിസിടിവി ക്യാമറകളായ കാരണവന്മാരുടെ കണ്ണുകളിൽ പതിയുന്നില്ല. ഓരോരോ വാർത്തകൾ കേൾക്കുമ്പോഴാണ് അവരൊക്കെ ഞെട്ടി ഉണരുന്നത്. പിന്നെ മാർക്കോയും പണിയും പോലുള്ള അലമ്പ് സിനിമകളാണ് ഈ മക്കൾ കാണുന്നതും !
ആർക്കും എന്തും സംഭവിക്കാം !
മയക്കുമരുന്ന് നിയന്ത്രിക്കാതെ വേറൊരു നടപടിയും ഇല്ലെന്ന ഉറപ്പിൽ ദാസനും മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണമെന്ന് മാതാപിതാക്കളോട് വിജയനും