തിരുവനന്തപുരം: മലയാളികളുടെ മനസിൽ വെള്ളിത്തിരയിൽ ഒരിക്കലും മായാത്ത അമ്മയുടെ മുഖമാണ് കവിയൂർ പൊന്നമ്മ. സ്നേഹത്തിന്റെയും, സഹനത്തിന്റെയും അമ്മയായി നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മ വേഷമിട്ടു. കഴിഞ്ഞ ആറര പതിറ്റാണ്ടുകളായി മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.
ജനിച്ചത് ആലപ്പുഴയിലെ കവിയൂരിലാണെങ്കിലും ഒൻപതു വയസ്സുവരെ കാഞ്ഞിരപ്പള്ളി പൊൻകുന്നം എന്ന സ്ഥലത്തായിരുന്നു. അഞ്ചു വയസ്സുമുതൽ സംഗീതം പഠിച്ചു തുടങ്ങി. സ്കൂൾ കാലം മുതൽ സംഗീത കച്ചേരി നടത്താറുണ്ടായിരുന്നു. കാളിദാസ കലാകേന്ദ്രത്തിൽ നാടകം അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്  മെരിലാന്റ് പ്രൊഡക്ഷന്‌സിന്റെ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്.
ഗ്ലിസറിനോക്കെയിട്ട് കൊട്ടാരക്കര ശ്രീധരൻ നായരുടെ അടുത്ത് നിന്ന് കരയുന്ന ഒരു ഷോട്ടായിരുന്നു അത്. മണ്ഡോദരിയായിരുന്നു കഥാപാത്രം. ഇന്ത്യൻ സിനിമ കണ്ട മഹാരഥന്മാരായ സത്യന്റേയും നസീറിന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അമ്മയായി അഭിയനയിച്ചു.  

ആദ്യമായി പ്രേം നസീറിന്റെ കൂടെ അഭിനയിക്കുന്നത് കുടുംബിനിയിൽ ആണ്. നസീറിന്റെ ഏട്ടത്തി അമ്മയുടെ റോളായിരുന്നു. 22-ാം വയസ്സിലാണ് സത്യൻ മാഷിന്റെയും മധു സാറിന്റെയും അമ്മയായി തൊമ്മന്റെ മക്കളിൽ അഭിനയിച്ചത്.

കവിയൂ‌ർ പൊന്നമ്മയെ കാണുന്നവരെല്ലാം ഒരിക്കലെങ്കിലും നെറ്റിയിലെ പൊട്ടിനെക്കുറിച്ച് ചിന്തിച്ചിരിക്കും. എന്തിനാണ് ഇത്രവലിയ പൊട്ട് തൊടുന്നത് എന്ന്. എന്നാൽ പൊന്നമ്മയ്ക്ക് ഇതിനു പിന്നിൽ പറയാൻ ഒരു കഥയുണ്ട്.
 വർഷങ്ങളായി ഈ വലിയ പൊട്ട് തൊടാൻ തുടങ്ങിയിട്ട്. ഐശ്വര്യത്തിന്റെ ലക്ഷണമായാണ് പൊന്നമ്മ വലിയ പൊട്ടിനെ കാണുന്നത്. എന്നാൽ ഭർത്താവ് മരിച്ച് കഴിഞ്ഞപ്പോൾ ഇത്രയും വലിയ പൊട്ട്തൊട്ട് നടന്നാൽ ആളുകൾ എന്ത് വിചാരിക്കും എന്നാതായിരുന്നു പ്രധാന പ്രശ്നം. പൊട്ട് ഒഴിവാക്കാൻ തീരുമാനിച്ച് നാത്തൂനോട് അഭിപ്രായപ്പെട്ടു. എന്നാൽ പൊട്ടില്ലെങ്കിൽ നിന്നെ ആര് തിരിച്ചറിയാനാണ് എന്നായിരുന്നു നാത്തൂന്റെ മറുപടി. ഇതോടെ നെറ്റിയിലെ വലിയ പൊട്ട് പൊന്നമ്മയുടെ അടയാളമായി മാറി.

മലയാളസിനിമയിലെ അമ്മയാണ് കവിയൂർ പൊന്നമ്മ. സത്യൻ മുതൽ മോഹൻലാൽ വരെ മുൻനിരതാരങ്ങളുടെ അമ്മയായി വേഷമിട്ട പൊന്നമ്മ സിനിമാപ്രവർത്തകർക്ക് യഥാർത്ഥ അമ്മയുടെ സ്നേഹം പകർന്നുനൽകിയ അഭിനേത്രി കൂടിയാണ്.

 പതിനാലാം വയസിൽ രംഗത്തെത്തി നടിയായും ഗായികയായും പതിറ്റാണ്ടുകൾ തിളങ്ങി. പത്തനംതിട്ടയിലെ കവിയൂർ ഗ്രാമത്തിൽ ജനിച്ച പൊന്നമ്മ വർഷങ്ങളായി ആലുവയിൽ പെരിയാർ തീരത്തെ ശ്രീപാദം വീട്ടിലാണ് താമസിക്കുന്നത്. 1945ൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്ത മകളായാണ് ജനനം. നാടകത്തിലാണ് കലാജീവിതം ആരംഭിച്ചത്.
പതിനാലാം വയസിൽ തോപ്പിൽ ഭാസിയുടെ മൂലധനമാണ് ആദ്യനാടകം. 1962ൽ ശ്രീരാമപട്ടാഭിഷേകം സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിച്ചത്. 1964ൽ കുടുംബിനിയിലാണ് അമ്മ വേഷം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അമ്മവേഷങ്ങളാണ് കൂടുതലും ലഭിച്ചത്. സത്യൻ, പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങളുടെ അമ്മയായി അഭിനയിച്ചു.
മോഹൻലാലിന്റെ അമ്മയായി ഇരുപതിലേറെ സിനിമകളിൽ തിളങ്ങി. സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന അമ്മവേഷങ്ങൾ തന്മയത്വത്തോടെ അവർ അവതരിപ്പിച്ചു.
തിലകന്റെ ഭാര്യാവേഷങ്ങളിലും പൊന്നമ്മ മികച്ച അഭിനയം കാഴ്ചവച്ചു. ചെങ്കോൽ, കിരീടം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചു. വെച്ചൂർ എസ്. സുബ്രഹ്മണ്യയ്യർ, എൽ.പി.ആർ വർമ്മ എന്നിവരുടെ ശിഷ്യയായി സംഗീതം പഠിച്ചിച്ചിട്ടുണ്ട്. ഡോക്ടർ എന്ന നാടകത്തിൽ ആദ്യമായി പാടി. തീർത്ഥയാത്ര സിനിമയിലെ “അംബികേ ജഗദംബികേ… എന്ന ഭക്തിഗാനമാണ് ആദ്യത്തെ സിനിമാഗാനം. പന്ത്രണ്ടോളം ഗാനങ്ങൾ പാടിയിട്ടുണ്ട്.
സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം 1971, 1972, 1973, 1994 വർഷങ്ങളിൽ പൊന്നമ്മ നേടിയിട്ടുണ്ട്. 350 ലേറെ സിനിമകളിൽ പൊന്നമ്മ അഭിനയിച്ചു. 2023ൽ പുറത്തിറങ്ങിയ ഉപ്പൻകരയിലെ പുണ്യാളനാണ് ഒടുവിൽ അഭിനയിച്ച സിനിമ. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യമായി നായികയായ റോസി സിനിമയുടെ നിർമ്മാതാവ് മണിസ്വാമിയെയാണ് പൊന്നമ്മ വിവാഹം ചെയ്തത്. മകൾ ബിന്ദു ഭർത്താവിനൊപ്പം അമേരിക്കയിലാണ് താമസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed