ഡൽഹി: കേന്ദ്രത്തിൽ മൂന്നാംവട്ടവും എൻ.ഡി.എ സർക്കാർ വന്നാലും അതിശക്തമായ പ്രതിപക്ഷമായി ഇന്ത്യാ മുന്നണി രംഗത്തുണ്ടാവും. കഴിഞ്ഞ തവണത്തെപ്പോലെ ആയുധം വച്ച് കീഴടങ്ങുകയല്ല ഇത്തവണ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പിയെ എതിരിടാൻ രാജ്യമാകെയുള്ള 28കക്ഷികളെ ഒന്നിപ്പിച്ച് ഇന്ത്യാ സഖ്യം രൂപീകരിച്ചത് കരുത്തുറ്റ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മോഡിയെയും സംഘത്തെയും വിറപ്പിച്ച പോരാട്ടമാണ് ഇന്ത്യാ സഖ്യം നടത്തിയിരിക്കുന്നത്. എല്ലാ ഘട്ടത്തിലും എൻ.ഡി.എയ്ക്കൊപ്പം കട്ടയ്ക്ക് കട്ടയായി പിടിച്ചു നിൽക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞു. രാജസ്ഥാനിലും ഹരിയാനയിലും യുപിയിലുമടക്കം ഹിന്ദി ഹൃദയഭൂമിയിൽ ഇന്ത്യാ മുന്നണിക്ക് പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് നിസാര കാര്യമല്ല.
ഈ തിരഞ്ഞെടുപ്പിലെ കറുത്ത കുതിരകളായി മാറിയിരിക്കുകയാണ് ഇന്ത്യാ സഖ്യം. പരസ്പരം കടിച്ചു കീറാൻ നിൽക്കുന്നവരുടെ സഖ്യം എന്നൊക്കെ എതിരാളികൾ പരിഹസിച്ചതാണെങ്കിലും ഇന്ത്യാ സഖ്യം വോട്ടെണ്ണൽ ദിനത്തിൽ താരമായി മാറുന്നതാണ് നമ്മൾ കാണുന്നത്. മൂന്നൂറിലേറെ സീറ്റുകൾ നേടി എൻ.ഡി.എ മൂന്നാംവട്ടവും അധികാരത്തിലേറുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുകയാണെങ്കിലും യഥാർത്ഥ ഫലങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇന്ത്യാ സഖ്യം നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്കു വേണ്ടി നേരത്തെ തയ്യാറാക്കിയതാണെന്നാണായിരുന്നു കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആരോപിച്ചിരുന്നത്.
‘ഇന്ത്യ’ മുന്നണി 295 സീറ്റു വരെ നേടുമെന്ന നേതാക്കളുടെ പ്രതീക്ഷയോട് അടുത്തു നിൽക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. ചിട്ടയായ സംഘടനാ പ്രവർത്തനവും നേതാക്കളുടെ ഐക്യത്തോടെയുള്ള പോരാട്ടവുമാണ് ഈ വിജയം കൊണ്ടുവന്നത്. കേരളവും തമിഴ്നാടും തൂത്തുവാരിയ ഇന്ത്യാ മുന്നണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശക്തമായ സാന്നിദ്ധ്യമായി മാറി. ബി.ജെ.പി കോട്ടകളിൽ പോലും കടന്നുകയറാനും ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞു. ബംഗാളിൽ പൂർണമായി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലാത്ത തൃണമൂലിന് ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു.
കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന കോൺഗ്രസിന്റെ വിലയിരുത്തൽ ശരിവയ്ക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തൽ ഇങ്ങനെയായിരുന്നു- യു.പിയിലെ 80സീറ്റുകളിൽ ഇന്ത്യാ സഖ്യത്തിന് 40വരെ കിട്ടാം.
ഡൽഹിയിൽ 4, തമിഴ്നാട്ടിൽ- 39, പഞ്ചാബിൽ 14, ബീഹാറിൽ- 20. മഹാരാഷ്ട്രയിൽ- 24 സീറ്റുകൾ കിട്ടാം. ബംഗാളിൽ തൃണമൂൽ, ഇടത്, കോൺഗ്രസ് കക്ഷികൾ ചേർന്ന് 30 സീറ്റ് നേടാമെന്നും മുന്നണി നേതാക്കൾ വിലയിരുത്തി. ഇത് ഏതാണ്ട് സത്യമായി വരുന്ന കാഴ്ചയാണ് കാണുന്നത്.കേവലഭൂരിപക്ഷമായ 272 ലേക്ക് എത്താൻ ഇന്ത്യാ മുന്നണിക്ക് കഴിഞ്ഞില്ലെങ്കിലും അതിശക്തമായ പ്രതിപക്ഷമായി മാറാൻ ഇന്ത്യാ മുന്നണിക്ക് കഴിയും. രാജ്യം ഏറ്റവും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. 2019 ൽ കനത്ത തോൽവി നേരിട്ടപ്പോഴും വോട്ടുശതമാനം കാര്യമായി കുറഞ്ഞിരുന്നില്ലെന്നതായിരുന്നു കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന ഘടകം.
ഇത് ശരിവയ്ക്കുന്നതാണ് വോട്ടെണ്ണൽ ട്രെൻഡ്. ഇന്ത്യാമുന്നണിയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നതു ദക്ഷിണേന്ത്യയായിരിക്കുമെന്ന വിലയിരുത്തലും ശരിയായി. കഴിഞ്ഞ തവണ ബിജെപി മുഴുവൻ സീറ്റുകളും നേടിയ സംസ്ഥാനങ്ങളിൽ മറ്റു കക്ഷികളുമായി ചേർന്നു മുന്നേറ്റം, ദക്ഷിണേന്ത്യയിൽ നിന്ന് 56 സീറ്റ്. ഇതു രണ്ടുമായാൽ ബിജെപിക്ക് വെല്ലുവിളി ഉയർത്താമെന്ന കോൺഗ്രസിന്റെ തന്ത്രമാണ് ഫലിക്കുന്നത്. ഇന്ത്യാസഖ്യത്തിലെ മറ്റ് 27 കക്ഷികൾക്കുംകൂടി 120ൽ പരം സീറ്റ് ലഭിക്കണം. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യാ സഖ്യത്തിനായി കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായത്.
ഇന്ത്യാ സഖ്യത്തിന്റെ ഈ മുന്നേറ്റത്തിൽ ഏറ്റവും അഭിനന്ദിക്കേണ്ടത് കെ.സി വേണുഗോപാലിനെയാണ്. രാജ്യമാകെ ഇന്ത്യാ മുന്നണിയുടെ ഏകോപനം വഹിച്ചത് കെ.സിയായിരുന്നു. കോൺഗ്രസിന്റെ സംഘടനാ സംവിധാനം പിഴവില്ലാതെ ചലിപ്പിച്ചതും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും മുന്നിൽ നിന്നത് കെ.സിയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നേ നടത്തിയ ‘ഭാരത് ജോഡോ യാത്ര’ കോൺഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്ട്രീയ മുന്നേറ്റമായിരുന്നു. ഈ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം മുന്നിൽ കെ.സി വേണുഗോപാലുണ്ടായിരുന്നു. രാജ്യമാകെ തിരഞ്ഞെടുപ്പ് ഏകോപനം നടത്തിയപ്പോഴും അതിനിടെ, ആലപ്പുഴയിൽ മത്സരിക്കാനും വിജയിക്കാനും കെ.സി വേണുഗോപാലിന് കഴിഞ്ഞു.