ലണ്ടൻ: രാജ്യത്തെ കുടിയേറ്റ നിയമങ്ങളിൽ ഉണ്ടായ പ്രധാന ഭേദഗതി ഇന്ന് മുതൽ നടപ്പിലാകും. പുതിയ കുടിയേറ്റ നിയമമനുസരിച്ച്, മാർച്ച്‌ 11 – മുതൽ യു കെയിലേക്ക് കെയറർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വീസ ലഭിക്കില്ല. മുൻകൂട്ടി നൽകിയ അറിയിപ്പ് പ്രകാരം ഇന്ന് മുതൽ ഭർത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെൽത്ത് കെയർ അസിസ്‌റ്റന്റ്സ് അഥവാ കെയറർമാരുടെ അനുമതിയാണ് ഇല്ലാതാകുന്നത്.

രാജ്യത്ത് അടുത്ത കാലത്ത് കുടിയേറ്റങ്ങളിൽ ഉണ്ടായ വലിയ വർധനയാണ് സർക്കാരിനെ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. തദ്ദേശീയരിൽ നിന്നും കടുത്ത പ്രതിഷേധമാണ് സർക്കാർ നേരിട്ടുകൊണ്ടിരുന്നത്. മാത്രമല്ല, കെയറർ വിസ നൽകുന്നത് ചില ഏജന്റുമാർ മുതലെടുത്തതും, ഇത്തരത്തിൽ അനവധി പരാതികൾ ഹോം ഓഫീസിൽ എത്തിയതും നിയമം ഭേദഗതി ചെയ്യുന്നതിനുള്ള മറ്റൊരു കാരണമായി. സമീപകാലത്ത് യു കെയിലേക്ക് കുടിയേറിയ മലയാളി കെയറർമാരെയും നഴ്സുമാരെയും ഏറ്റവുമധികം ആശങ്കപ്പെടുത്തിയ നിയമമാറ്റ പ്രഖ്യാപനമാണ് കെയറർമാരുടെ ആശ്രിത വീസ നിരോധനം.
എന്നാൽ, ഇപ്പോൾ യു കെയിലുള്ളവരെയും മാർച്ച് 11 – ന് മുൻപ് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളവരിൽ ഹോം ഓഫിസ് അംഗീകരിച്ചവരേയും ഈ നിയമം ബാധിക്കില്ല.  കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി യു കെയിലേക്ക് മലയാളി കെയറർമാരുടെ കുത്തൊഴുക്ക് നടന്നിരുന്നു.  നഴ്സുമാരാണ് കുടുതലും ഇങ്ങനെ എത്തിയത്. ഗൾഫ് രാജ്യങ്ങളിലെ മെച്ചപ്പെട്ട ജോലി പോലും ഉപേക്ഷിച്ച് അവരിൽപ്പലരും യു കെയിലേക്ക് വരാനുള്ള പ്രധാനകാരണം ആശ്രിത വീസയായിരുന്നു. ആശ്രിത വീസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാമെന്നതും മറ്റൊരു ആകർഷണമായി.

പ്രഖ്യാപിച്ച പുതിയ നയങ്ങളിൽ ഇളവുകൾ ഉണ്ടായേക്കുമെന്ന്‌ പൊതുവെ ഒരു ധാരണ നിലനിന്നിരുന്നുവെങ്കിലും, ആ പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്താണ്. കുടിയേറ്റം കുറയ്ക്കൽ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയമത്തെ പാർലമെന്റിൽ പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ലേബറുകൾ അടക്കമുള്ള പ്രതിപക്ഷം എതിർക്കുവാനും സാധ്യത കുറവാണ്.

കൂടാതെ, സ്കിൽഡ് വർക്കർ വിസയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, ഇത്തരത്തിലുള്ള വീസ അനുവദിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്നും 38,700 പൗണ്ട് ആയി ഉയർത്തുന്നത് ഏപ്രിൽ 4 – ന് നടപ്പിലാക്കും. എന്നാൽ നഴ്സിങ്ങും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻഡ് കെയർ വർക്കർ വീസകൾക്കും ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കും ഈ മാറ്റം ബാധകമാകില്ല. ആശ്രിത വീസയിൽ ജീവിത പങ്കാളിയെ കൊണ്ടു വരുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം £18,600 – ൽ നിന്ന് ആദ്യം £29,000 ആയും ഒടുവിൽ £38,700 ആയും ഉയരും.

By admin

Leave a Reply

Your email address will not be published. Required fields are marked *