ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ ലക്ഷ്യംവച്ച്,  തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന, കോൺഗ്രസ് പാർട്ടിയുടെ അഞ്ച് വാഗ്ദാനങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പ്രഖ്യാപിച്ചു. 
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കൊപ്പം രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്ര റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുലിന്റെ പ്രഖ്യാപനം. 
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
സർക്കാർ ജോലികളിലെ 30 ലക്ഷം ഒഴിവുകളിലും, 90 ശതമാനം ഉദ്യോഗാർത്ഥികളെയും റിക്രൂട്ട് ചെയ്യും
എല്ലാ യുവാക്കൾക്കും അപ്രൻ്റീസ്ഷിപ്പിനുള്ള അവകാശം നൽകും. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും സ്വകാര്യ സ്ഥാപനത്തിലോ സർക്കാർ ഓഫീസിലോ ഒരു വർഷത്തെ അപ്രൻ്റീസ്ഷിപ്പ് നൽകും. ഇതിനായി ഒരു ലക്ഷം രൂപയും നൽകും.
ചോദ്യ പേപ്പർ ചോർച്ച തടയാൻ നിയമവും പരീക്ഷകൾ നടത്താൻ ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റും കൊണ്ടുവരും. സ്വകാര്യ കമ്പനികൾക്ക് പുറംകരാർ നൽകില്ല.
കഴിഞ്ഞ വർഷം രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാർ പാസാക്കിയ ഗിഗ് വർക്കേഴ്സ് നിയമം ദേശീയതലത്തിൽ നടപ്പാക്കും.
സ്റ്റാർട്ടപ്പ് ഫണ്ടിനായി 5,000 കോടി നീക്കിവയ്ക്കും. എല്ലാ ജില്ലകളിലും ഈ ഫണ്ട് ലഭ്യമാകും. ഈ പദ്ധതിക്ക് ‘യുവ റോഷ്നി’ എന്ന് പേരിടും.
തൻ്റെ 2022-23 ഭാരത് ജോഡോ യാത്രയിൽ ഉയർന്നുവന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും, തൊഴിലില്ലായ്മയെക്കുറിച്ചും പേപ്പർ ചോർച്ചയെക്കുറിച്ചും യുവാക്കൾ തന്നോട് പരാതിപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു. ഈ അഞ്ച് വാഗ്ദാനങ്ങൾക്കു പുറമേ മിനിമം താങ്ങുവില ( എം.എസ്‌.പി ) നിയമം നടപ്പാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *