ഇടുക്കി: വനാതിർത്തിയിലെ 30 ലക്ഷം ജനങ്ങളാണ് വന്യജീവികളെ ഭയന്ന് കഴിയുന്നത്. ഏത് സമയത്തും വന്യജീവികളുടെ ആക്രമണമുണ്ടാവുമെന്ന് അവർ ഭയക്കുന്നു. വന്യജീവികളുടെ ആക്രമണത്തിൽ ഏഴു വർഷത്തിനിടെ 730 പേർ കേരളത്തിൽ കൊല്ലപ്പെട്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ പകുതിയിലേറെ മരണവും കാട്ടാന ആക്രമണത്തിലാണ്.
മരണപ്പെട്ടവർക്ക് 21.2 കോടി നഷ്ടപരിഹാരം നൽകി. പരിക്കേറ്റ 6165 പേർക്ക് 17.2 കോടിയും കൃഷിനാശത്തിന് 25.96 കോടിയും കാലികൾ നഷ്ടപ്പെട്ടവർക്ക് 5.94 കോടിയും നഷ്ടപരിഹാരം നൽകേണ്ടിവന്നു. ജനങ്ങളുടെ ജീവനും സ്വത്തും വന്യജീവികൾക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗമായിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
സർക്കാർ നിഷ്ക്രിയമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാദ്ധ്യത നിറവേറുന്നതിൽ പരാജയപ്പെട്ടു. കാട്ടാനകളുടെ സ്ഥാനം കണ്ടെത്താൻ പോലും വനംവകുപ്പിന് സംവിധാനമില്ലെന്നും പ്രതിപക്ഷം പറയുന്നു. വന്യമൃഗ ആക്രമണമുള്ള സ്ഥലങ്ങളിൽ യോഗമല്ല, നടപടികളാണ് വേണ്ടത്. വന്യജീവികളെക്കുറിച്ച് മുന്നറിയിപ്പില്ല, അന്ത:സംസ്ഥാന ഏകോപനവുമില്ല. വിവരം കിട്ടിയാലും കാട്ടാനകളെ തുരത്താനാവുന്നില്ല. വന്യജീവി പ്രശ്നത്തിന് കേന്ദ്രവുമായി ആലോചിച്ച് കാലാനുസൃതമായ പരിഹാരം കാണാനും നടപടിയില്ല.
അടുത്ത 10വർഷത്തെ മനുഷ്യ- വന്യജീവി സംഘർഷം പരിഹരിക്കാൻ 1150 കോടിയുടെ പദ്ധതി ആസൂത്രണ ബോർഡിന് വനംവകുപ്പ് നൽകിയിട്ടുണ്ട്. വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാൻ രണ്ടര വർഷത്തിനിടെ അനുവദിച്ചത് 62.08 കോടി രൂപയാണ്. ഇതിൽ 57.16 കോടി ചെലവിട്ടു. ഒരു വർഷത്തിനിടെ മാത്രം കൊല്ലപ്പെട്ടത് 144 പേരാണെന്നാണ് കണക്ക്.
ആറളം ആദിവാസി മേഖലയിൽ മാത്രം 12 പേർ മരിച്ചു. കേരളത്തിലാകെ ആറായിരത്തോളം കാട്ടാനകളുണ്ട്. വയനാട്ടിലുള്ളത് 140 കടുവകളാണ്. ആനയ്ക്ക് ദിവസം 250 കിലോഗ്രാം ഭക്ഷണം വേണം. പത്തും ഇരുപതും വരുന്ന ആനക്കൂട്ടം ഭക്ഷണം തേടിയാണ് കാടിറങ്ങുന്നത്. വനത്തിൽ 27,000 ഹെക്ടർ വിദേശ, ഏകവിളതോട്ടവും 90,000 ഹെക്ടർ തേക്കുതോട്ടവുമാണ്.
അതിനാൽ ആനകൾക്ക് തീറ്റയില്ല. വനത്തിലെ അക്കേഷ്യ, യൂക്കാലിപ്‌റ്റസ് തോട്ടങ്ങൾ മുറിച്ചുമാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ 20.34 കോടി ചെലവിട്ടിട്ടും ഫലമില്ല. വനാതിർത്തി കടന്ന് 15 കിലോമീറ്റർ അകലെയുള്ള മനുഷ്യവാസ മേഖലയിലേക്കും പട്ടണങ്ങളിലേക്കും വന്യജീവികളെത്തുന്നു.
വന്യജീവികൾ വനാതിർത്തിയിലേക്ക് ഇറങ്ങാതിരിക്കാൻ വനാതിർത്തികളിൽ സൗരോർജ്ജ വേലി, ആനപ്രതിരോധ മതിൽ, കിടങ്ങുകൾ, ക്രാഷ്‌ഗാർഡ് റോപ്പ് ഫെൻസിംഗ്, റെയിൽഫെൻസിംഗ്, ജൈവവേലി എന്നിവയുണ്ട്. വന്യമൃഗ സാന്നിദ്ധ്യം മുൻകൂറായറിയാൻ ഏർളി വാണിംഗ് സിസ്റ്റവും വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ റാപ്പിഡ് റെസ്പോൺസ് ടീമുമുണ്ട്.
പക്ഷേ വന്യജീവികൾ മനുഷ്യരുടെ ജീവനെടുക്കുന്നത് തടയാനാവുന്നില്ല. കേരളത്തിൽ 4115 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്. വയനാട്ടിൽ 10 കടുവകളെയും പിടികൂടി. വന്യജീവി പ്രതിരോധത്തിന് കോടികൾ കേന്ദ്രംനൽകുന്നുണ്ട്. 2016-17ൽ 6.63 കോടി, 2017-18ൽ 5.84 കോടി ലഭിച്ചു.