തിരുവനന്തപുരം: രാഷ്ട്രീയ കൊലക്കേസ് പ്രതികളെ ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി നൽകി ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതിയുടെ അപ്പീൽ വിധി. 20 വർഷം തടവ് അനുഭവിക്കാതെ പ്രതികൾക്ക് പരോൾ നൽകരുതെന്ന വിധി കുറ്റവാളികൾക്കുള്ള അതിശക്തമായ താക്കീത്. 11 പ്രതികൾക്ക് രണ്ടായിരം ദിവസത്തിലേറെ പരോൾ നൽകിയ സർക്കാരിനും വിധി തിരിച്ചടിയാണ്.
ഇതുവരെ ശിക്ഷ ഇളവിന് അർഹത ഇല്ലാതിരുന്ന രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികൾക്ക് കേരളപ്പിറവി, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നീ വിശേഷ അവസരങ്ങളിൽ ശിക്ഷ ഇളവ് അനുവദിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് ലഭിക്കും. ഇതോടെ, ജീവപര്യന്തം അനുഭവിക്കുന്ന പല രാഷ്‌ട്രീയ കുറ്റവാളികൾക്കും ശിക്ഷാകാലാവധി പൂർത്തിയാവും മുൻപേ പുറത്തിറങ്ങാൻ വഴി തെളിഞ്ഞിരുന്നു. രാഷ്ട്രീയ കൊലക്കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ 14വർഷം പൂർത്തിയാവും മുൻപ് ഇളവ് നൽകി വിട്ടയയ്ക്കരുതെന്ന് 2018ലെ ഉത്തരവിൽ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരുന്നു. അത് ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.  
ദൈവത്തിന്റെ സ്വന്തം നാട് എന്ന പെരുമയിൽ നിന്ന് രാഷ്ട്രീയവൈരം തീർക്കാൻ അരുംകൊല നടത്തുന്ന ചെകുത്താന്മാരുടെ നാട് എന്ന നാണക്കേടിലേക്കാണ് കേരളത്തിന്റെ പോക്ക്.  എല്ലാ രാഷ്ട്രീയപാർട്ടികളും തള്ളിപ്പറയുകയും അപലപിക്കുകയും കൊലയാളികളെ പുറത്താക്കുകയും ചെയ്തിട്ടും രാഷ്ട്രീയത്തിന്റെ പേരിലുള്ള അരുംകൊലകൾക്ക് അറുതിയില്ല.
ഓണമെന്നോ പെരുന്നാളെന്നോ ക്രിസ്‌മസെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയവൈരികൾക്കു നേരെ കൊലക്കത്തി ഉയരുന്നു. ബി.ബി.സിയടക്കമുള്ള ലോകമാദ്ധ്യമങ്ങൾ കേരളത്തിലെ രാഷ്ട്രീയകൊലപാതക പരമ്പരകൾ വലിയ വാർത്തയാക്കുന്നു.
മലബാറിൽ മാത്രം 9 രാഷ്ട്രീയക്കൊലകൾ സി.ബി.ഐ അന്വേഷണത്തിലാണ്. ഉന്നതനേതാക്കൾ അടക്കം പ്രതിസ്ഥാനത്തുണ്ട്. എട്ട് രാഷ്ട്രീയകൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയരുന്നുമുണ്ട്. ആരോപണമുനയിൽ എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്. കൊലകൾ ആവർത്തിക്കപ്പെടുമ്പോൾ ഇരകൾ മാത്രം മാറുന്നു.  രാഷ്ട്രീയ കൊലപാതകമാണെങ്കിൽ സംരക്ഷണമുണ്ടാവുമെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് പരക്കെയുള്ള ധാരണ. പാർട്ടികളുടെ പൂർണസംരക്ഷണം കിട്ടും. ജയിലിലും വി.ഐ.പി പരിഗണനയായിരിക്കും. കുടുംബത്തിനും സംരക്ഷണമുണ്ടാവും.
വിചാരണയ്ക്ക് പ്രഗത്ഭരായ അഭിഭാഷകരെ ഇറക്കും. ഭീഷണിപ്പെടുത്തി സാക്ഷിമൊഴികൾ മാറ്റിക്കും. ഏതുവിധേനയും പ്രതികളെ രാഷ്ട്രീയ നേതൃത്വങ്ങൾ രക്ഷിച്ചെടുക്കും. ശിക്ഷിക്കപ്പെട്ടാൽ സുപ്രീംകോടതിയിൽ വരെ അപ്പീലും. നിയമത്തിന്റെ പഴുതിലൂടെ രക്ഷിച്ചെടുക്കുന്നവരെ ജോലിയും സൗകര്യങ്ങളും നൽകി പുനരധിവസിപ്പിക്കുന്നുമുണ്ട്. യഥാർത്ഥപ്രതികൾ രക്ഷപ്പെട്ട് വിലസുകയും അവരെ എതിർപാർട്ടിക്കാർ കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങളും നിരവധിയാണ്.
കണ്ണൂരാണ് രാഷ്ട്രീയകൊലകളുടെ തലസ്ഥാനം. അരനൂറ്റാണ്ടിനിടെ 250ലേറെ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കണ്ണൂർ പൊലീസിന്റെ വിവരാവകാശ രേഖപ്രകാരം 1984 മുതൽ 2018 മേയ് വരെ 125 രാഷ്ട്രീയകൊലകൾ. അതുപ്രകാരം കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയചായ്‌വ് ഇങ്ങനെ- ബി.ജെ.പി-53, സി.പി.എം-46, കോൺഗ്രസ് -19, ലീഗ് -7. അഞ്ചുവർഷത്തിനിടെ 15 ജീവനുകളാണ് പൊലിഞ്ഞത്. കൊല്ലപ്പെട്ടതിലേറെയും യുവാക്കൾ. രണ്ട് ഇരട്ടക്കൊലകളുമുണ്ടായി.  2016-2021 കാലത്ത് 37 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. 2016ൽ 15, 2017ൽ അഞ്ച് , 2018ൽ നാല് , 2019ൽ നാല് , 2020ൽ നാല് , 2021ൽ അഞ്ച് ഇങ്ങനെയാണ് കണക്ക്.

By admin

Leave a Reply

Your email address will not be published. Required fields are marked *