ബംഗളൂരു: 2023 ഒക്ടോബറിൽ ഗഗൻയാൻ ദൗത്യത്തിനായുള്ള ആദ്യ പരീക്ഷണ വാഹനം വിക്ഷേപിച്ച ശേഷം, രണ്ടാമത്തേതും തയ്യാറാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.
ഗഗൻയാൻ ദൗത്യത്തിനായുള്ള രണ്ടാമത്തെ പരീക്ഷണ വാഹനം തയ്യാറാണെന്നും, അത് ശ്രീഹരിക്കോട്ടയിലേക്ക് എത്തുന്നതിനായി ബഹിരാകാശ ഏജൻസി കാത്തിരിക്കുകയാണെന്നും സോമനാഥ് പറഞ്ഞു.
“അത് അടുത്ത മാസം വരും. രണ്ട് മാസത്തിനുള്ളിൽ, അടുത്ത പരീക്ഷണ വാഹന ദൗത്യത്തിനായിയെല്ലാം തയ്യാറാകുമെന്നാണ് വിശ്വാസം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനായി 2025-ൽ വിക്ഷേപിക്കാനൊരുങ്ങുന്ന ഗഗൻയാൻ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള വർഷമാണ് 2024 എന്ന് സോമനാഥ് പറഞ്ഞു. ഈ വർഷം ആളില്ലാ ദൗത്യങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശത്തേക്കുള്ള ആളില്ലാ ദൗത്യത്തിനുള്ള റോക്കറ്റ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ ക്രൂ മൊഡ്യൂൾ ഘടകങ്ങൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കും, അതിനാൽത്തന്നെ അതിനോട് അനുബന്ധിച്ചുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൂ മൊഡ്യൂളും, ക്രൂ എസ്‌കേപ്പ് സിസ്റ്റങ്ങളും വഹിച്ച ആദ്യത്തെ പരീക്ഷണ വാഹനമായാ സിംഗിൾ-സ്റ്റേജ് ലിക്വിഡ് റോക്കറ്റ് 2023 ഒക്ടോബർ 21-ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. ദൗത്യത്തിനുപയോഗിക്കുന്ന മോട്ടോറുകൾ പരിശോധനയിൽ സാധൂകരിക്കപ്പെട്ടിരുന്നു.