സംസ്ഥാനത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാനാവുമെന്നതാണ് സ്ഥിതിയെന്ന് ഹൈക്കോടതി. അന്‍പത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണം. ഇതിനായി ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. വ്യാജക്കേസില്‍ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന സംഭവത്തിലാണ് കോടതിയുടെ വിമര്‍ശനം.
വാറ്റുചാരായം പിടിച്ചതിനാണ് രണ്ടുപേരെ രണ്ടുമാസം തടവിലിട്ടത്. ഈ കേസ് വ്യാജമാണെന്ന് ഹൈക്കോടതി വിധിച്ചു. കൊല്ലം സ്വദേശികളായ രണ്ടുപേര്‍ക്ക് 2.5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തുക എക്സൈസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്.
വള്ളത്തോളിന്റെ വരികള്‍ പരാമര്‍ശിച്ചാണ് കോടതിയുടെ ഉത്തരവ്. ‘ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്നാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വിധിയില്‍ കൂട്ടിച്ചേര്‍ത്തത്. കുറ്റം ചെയ്യാതെ അകാരണമായ തടവ് ഉണ്ടാക്കാവുന്ന മാനസികാഘാതം വലുതാണെന്നും അദ്ദേഹം പറഞ്ഞു.