കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല ചർച്ചയാണ് നടന്നത്. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ഔദ്യോഗികമായല്ലെങ്കിലും റയിൽവേ മന്ത്രിയേയും കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു.
സംസ്ഥാനത്ത് യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ദേശീയപാതാ വികസനം നടക്കില്ലെന്നായിരുന്നു പൊതു വിശ്വാസം. എന്നാൽ കേന്ദ്ര സർക്കാർ സഹായത്തോടെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന് ഭൂമിയേറ്റെടുക്കാൻ പണം നൽകേണ്ടി വന്നത് മറ്റ് സംസ്ഥാനങ്ങൾ ദേശീയപാത വികസിപ്പിച്ച ഘട്ടത്തിൽ ഇതിന് സാധിക്കാതിരുന്നത് കൊണ്ടാണ്. സിൽവർ ലൈൻ യാഥാർത്ഥ്യമാകേണ്ട പദ്ധതിയാണെന്നും വൈകിയാൽ ചെലവ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡി പി ആറിന് അംഗീകാരം കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ്. അതിനാൽ വലിയ പ്രാധാന്യം സർക്കാർ നൽകുന്നു. പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം ഉണ്ട്. വർധിച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണമായ റോഡ് ഗതാഗതത്തിൽ നിന്ന് റയിൽവേയിലേക്ക് മാറുന്നത് അതുകൊണ്ടാണ്. വിദഗ്ദ്ധരോട് ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പദ്ധതി വിജയരമായി നടപ്പാക്കാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്രത്തോളം റയിൽവേ ഭൂമി വേണമെന്നറിയാനുള്ള സർവേ പുരോഗമിക്കുന്നുണ്ട്. കെട്ടിടം നഷ്ടമാകുന്നവർക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നൽകും. സാമൂഹിക ആഘാത പഠനത്തിലൂടെയേ ആരുടൊയെക്കെ ഭൂമി നഷ്ടമാകൂവെന്ന് അറിയാനാവൂ. അലൈൻമെൻറ് കണ്ടെത്താനാണ് ലി ഡാർ സർവേ. ഭൂമി ഏറ്റെടുക്കാനുള്ള സർവേ അല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു.
സർവേക്ക് ശേഷം ഭൂമി നഷ്ടമാകുന്നവർക്ക് കൂടുതൽ സഹായധനവും മികച്ച പുനരധിവാസവും നൽകും. യുഡിഎഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് റെയിൽ പ്രായോഗികമല്ല. സിൽവർ ലൈനിന് പാരിസ്ഥിതികാനുമതി ആവശ്യമില്ല. പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.