ദിലീപിന് വൻ തിരിച്ചടി, വധ ഗൂഢാലോചനക്കേസിൽ അന്വേഷണം സ്റ്റേ ചെയ്യില്ല: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയില്‍ ദിലീപിന് തിരിച്ചടി. വധ ഗൂഢാലോചന കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തില്ല. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി വിധിച്ചു. കേസിൽ വിശദമായ വാദം കേൾക്കാം എന്ന് കോടതി അറിയിച്ചു.

കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം. കൂടാതെ തന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നുവെന്ന ദാസന്‍റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണ്ണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.

ദിലീപിന്‍റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു. എന്നാൽ മെയിൽവഴിയുള്ള പരാതി സ്വീകരിക്കാനാകില്ലെന്നും ചട്ടപ്രകാരം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗൺസിൽ മറുപടി നൽകിയത്.

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകൾ എന്ന് പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ നടിയും ഈ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ നടി ആരോപിക്കുന്നു. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും നടി പറയുന്നു.

കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത് എന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നുമാണ് നടിയുടെ ആവശ്യം. എന്നാൽ നടിയുടെ പരാതി ചട്ടപ്രകാരമല്ലെന്നും രേഖാമൂലം പരാതി കൈമാറിയാൽ തുടർനടപടി സ്വീകരിക്കാമെന്നുമാണ് ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *